11:33pm 02 September 2026
NEWS
വൈദ്യുതി പ്രതിസന്ധി രൂക്ഷം; കേരളത്തിൽ ഇന്ന് രാത്രി ലോഡ് ഷെഡിങ്
02/09/2026  08:37 PM IST
nila
വൈദ്യുതി പ്രതിസന്ധി രൂക്ഷം; കേരളത്തിൽ ഇന്ന് രാത്രി ലോഡ് ഷെഡിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 7 മുതൽ രാത്രി 12 മണി വരെയുള്ള സമയത്താണ് നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. ദേശീയ ഗ്രിഡിൽ വൈദ്യുതി ലഭ്യതയിൽ വൻ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.

രാജ്യത്ത് ഏകദേശം 12,000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതും കാറ്റിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനം ഗണ്യമായി കുറഞ്ഞതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.

വൈദ്യുതി ആവശ്യകത 255 ജിഗാവാട്ടിലേക്ക്

രാജ്യത്തെ വൈദ്യുതി ആവശ്യകത കഴിഞ്ഞ ദിവസത്തേക്കാൾ ഏകദേശം 5 ജിഗാവാട്ട് ഉയർന്ന് ഇന്ന് രാവിലെ 10.45ഓടെ 255 ജിഗാവാട്ടിലെത്തി. ദക്ഷിണേന്ത്യൻ മേഖലയിൽ മാത്രം ആവശ്യകതയിൽ 1.5 ജിഗാവാട്ടിന്റെ വർധന രേഖപ്പെടുത്തി. സൗരോർജ ഉൽപ്പാദനം ലഭ്യമല്ലാത്ത സമയത്തും ഉയർന്ന ആവശ്യകത തുടരുമെന്നാണ് വിലയിരുത്തൽ.

അതേസമയം, രാജ്യത്തെ കാറ്റിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനം മുൻദിവസത്തേക്കാൾ ഏകദേശം 6.5 ജിഗാവാട്ട് കുറഞ്ഞു. സെപ്റ്റംബർ ഒന്നിന് സൗരോർജമില്ലാത്ത സമയത്തെ താപവൈദ്യുതി ഉൽപ്പാദനത്തിലും ഏകദേശം 5 ജിഗാവാട്ടിന്റെ കുറവുണ്ടായി.

ഗ്രിഡ് ഫ്രീക്വൻസിയിലും ഇടിവ്

കഴിഞ്ഞ ദിവസം വൈകിട്ട് 7.16ന് രാജ്യത്തെ സിസ്റ്റം ഫ്രീക്വൻസി 49.43 ഹെർട്സ് എന്ന താഴ്ന്ന നിലയിലെത്തി. കാറ്റിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനം കുറഞ്ഞ സാഹചര്യത്തിൽ ഇന്നത്തെ വൈകുന്നേരത്തെ പീക്ക് സമയത്തും ഫ്രീക്വൻസി താഴ്ന്ന നിലയിൽ തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പീക്ക് സമയത്ത് ലഭ്യമായ വൈദ്യുതി റിസർവും പരിമിതമായിരിക്കുമെന്നാണ് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ വ്യക്തമാക്കിയത്.

സംസ്ഥാനങ്ങൾക്ക് കർശന നിർദേശം

ദേശീയ ഗ്രിഡിന്റെ സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വൈദ്യുതി ഉപയോഗത്തിൽ കർശന നിയന്ത്രണ നിർദേശമാണ് നൽകിയിരിക്കുന്നത്. അനുവദിച്ചിട്ടുള്ള ഷെഡ്യൂൾ അനുസരിച്ച് മാത്രമേ ഗ്രിഡിൽനിന്ന് വൈദ്യുതി എടുക്കാവൂ എന്നും വൈദ്യുതി പോർട്ട്ഫോളിയോ കൃത്യമായി കൈകാര്യം ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

പ്രതിസന്ധി നിയന്ത്രിക്കാൻ ആവശ്യമായ ഡിമാൻഡ് മാനേജ്മെന്റ് നടപടികൾ, ആവശ്യമെങ്കിൽ വൈദ്യുതി നിയന്ത്രണം ഉൾപ്പെടെ, സ്വീകരിക്കണമെന്നും നിർദേശമുണ്ട്. പീക്ക് സമയത്ത് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങളുടെ ചാർജിങ്ങും പമ്പ്ഡ് സ്റ്റോറേജ് പ്ലാന്റുകളുടെ പമ്പിങ് മോഡും നിയന്ത്രിക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായതെന്ന് കെഎസ്ഇബി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img